Latest Updates

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകള്‍ ഓഹരി വിപണിയിലേക്ക്. 2026 ന്റെ ആദ്യ പകുതിയോടെ ജിയോ ഐപിഒ സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. റിലയന്‍സിന്റെ 48-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ മുകേഷ് അംബാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനുള്ള സുപ്രധാന ചുവട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ജിയോ ഐപിഒ ഫയല്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2026 ന്റെ ആദ്യ പകുതിയോടെ ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടും എന്നും അംബാനി പറഞ്ഞു. 50 കോടി ഉപഭോക്താക്കള്‍ എന്ന വലിയ കടമ്പ ജിയോ കുടുംബം പിന്നിട്ടെന്നും മുകേഷ് അംബാനി പ്രതികരിച്ചു. ജിയോയുടെ പത്ത് വര്‍ഷത്തെ വളര്‍ച്ച വെളിപ്പെടുത്തിക്കൊണ്ടായിരുന്നു മുകേഷ് അംബാനിയുടെ പ്രതികരണം. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണന്നും മുകേഷ് അംബാനി പ്രതികരിച്ചു. 2016ല്‍ ആരംഭിച്ച ജിയോ 2024-25ല്‍ സാമ്പത്തിക വര്‍ഷത്തില്‍ 64,170 കോടി രൂപയുടെ ലാഭമാണ് ജിയോയ്ക്ക് ഉണ്ടായതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. നികുതി, പലിശ എന്നിവയ്ക്ക് ശേഷമുള്ള തുകയാണ് അംബാനി വെളിപ്പെടുത്തയത്. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തനം ഇന്ത്യയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഐപിഒയിലൂടെ 52,200 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് റിലയന്‍സ് ജിയോ പദ്ധതിയിടുന്നത്. ഹ്യുണ്ടായ് ഇന്ത്യ സമാഹരിച്ച 28,000 കോടി രൂപയാണ് ഇതിന് മുന്‍പ് ഐപിഒയിലൂടെ സമാഹരിച്ച ഏറ്റവും ഉയര്‍ന്ന തുക.

Get Newsletter

Advertisement

PREVIOUS Choice